ആന ഇടഞ്ഞു; ആനപ്പുറത്ത് കുടുങ്ങിയ നാല് യുവാക്കൾ; ജീവൻ പണയം വച്ച് പിടിച്ചിരുന്നു സംഭവം ഇന്നലെ വൈകിട്ട് !


എരുമപ്പെട്ടി: തോന്നല്ലൂരിൽ ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു. ബാലനരസിംഹമൂർത്തി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ നാലരയോടെ മേളത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ടിയെഴുന്നെള്ളിപ്പ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചതോടെയാണ് ആന ക്ഷേത്രത്തിന് പുറത്തേക്ക് ഓടിയത്. ഇതോടെ ആനപ്പുറത്തിരുന്ന് കുടയും വെഞ്ചാമരവും പിടിച്ചിരുന്ന 4 യുവാക്കൾ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങി.
ഇവരെ കുടഞ്ഞ് താഴെയിടാൻ ആന ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിയാതെ മണിക്കൂറുകളോളം ഇവർ ജീവൻ പണയം വച്ച് ആനപ്പുറത്തു തന്നെ തുടർന്നു. ക്ഷേത്രത്തിനു പുറത്തേക്ക് ഓടിയ ആന ക്ഷേത്രപരിസരത്ത് വച്ചിരുന്ന ഇരുചക്രവാഹനങ്ങൾ കുത്തിയും തട്ടിയും സമീപത്തെ പാടത്തേക്ക് മറിച്ചിട്ടു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തുണ്ടായിരുന്ന പൊരി,കളിക്കോപ്പുകൾ, ബലൂൺ, തുടങ്ങിയവ വിൽപന നടത്തിയിരുന്ന കടകളും തുമ്പിക്കൈ കൊണ്ട് അടിച്ചു തകർത്തു. ഉത്സവം കാണാൻ എത്തിയവരും കച്ചവടക്കാരും ഇതോടെ ക്ഷേത്രത്തിനടുത്തു നിന്ന് ഓടി മാറി.
പാപ്പാൻമാർ ആനയെ തളയ്ക്കൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ഒന്നാം പാപ്പനു നേരെയും ആന തിരിഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എലിഫെന്റ് സ്ക്വാഡ് അംഗങ്ങൾ ഏറെ പണിപ്പെട്ട് ആനയെ വടമെറിഞ്ഞു കെട്ടി നിർത്തി. ആനപ്പുറത്തിരുന്ന യുവാക്കൾ‍ സാഹസികമായി താഴേക്ക് ചാടി രക്ഷപ്പെട്ടു. രാത്രി ഒൻപതരയോടെ ആനയെ തളയ്ക്കാൻ കഴിഞ്ഞു. ആന ഇടഞ്ഞ വാർത്തയറിഞ്ഞ് വൻ ജനക്കൂട്ടവും ക്ഷേത്രപരിസരത്ത് തടിച്ചു കൂടി. 
أحدث أقدم