'വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഇങ്ങനെ സംസാരിക്കില്ല, സ്റ്റാന്‍ഡ് അപ് കൊമേഡിയനാവാന്‍ നോക്കുന്നു'; കെജരിവാളിനെതിരെ അനുപം ഖേര്‍




 
ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. ദി കശ്മീര്‍ ഫയല്‍സ് സിനിമയെ ടാക്‌സ് ഫ്രീ ആക്കണമെന്ന ആവശ്യത്തിനെതിരെ കെജരിവാള്‍ നടത്തിയ പരാമര്‍ശമാണ് താരത്തെ പ്രകോപിപ്പിച്ചത്. സ്റ്റാന്‍ഡ് അപ് കൊമേഡിയനാവാനാണ് കെജരിവാള്‍ ശ്രമിച്ചതെന്നും വിദ്യാഭ്യാസമില്ലാത്തവര്‍ പോലും ഇങ്ങനെ സംസാരിക്കില്ലെന്നുമായിരുന്നു അനുപം ഖേറിന്റെ പ്രതികരണം. 

കെജരിവാള്‍ അപരിഷ്‌കൃതനും നിര്‍വികാരനുമാണ്. അദ്ദേഹം സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് കശ്മീര്‍ ഹിന്ദുക്കളെക്കുറിച്ചോ പീഡനത്തിന് ഇരയായ സ്ത്രീകളെക്കുറിച്ചോ കൊല്ലപ്പെട്ട ആളുകളെക്കുറിച്ചോ ചിന്തിക്കുന്നില്ല. അദ്ദേഹത്തിന് പിന്നിലിരുന്ന ആളുകള്‍ ചിരിക്കുകയാണ്, അത് നാണക്കേടാണ്. അത് ഒരു സ്റ്റേറ്റ് അസംബ്ലിയില്‍ വച്ചാണ് നടന്നത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയോടോ ബിജെപിയോടോ പ്രശ്‌നമുണ്ടെങ്കില്‍ അതേക്കുറിച്ച് മാത്രം സംസാരിക്കണം. പക്ഷേ കശ്മീര്‍ ഫയല്‍സിനെ കൊണ്ടുവന്ന് അത് പ്രൊപ്പഗാണ്ട ഫിലിമാണെന്നും നുണയാണെന്നും പറയുന്നത് നാണക്കേടാണ്. - ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുപം ഖേര്‍ പറഞ്ഞു. 

സിനിമ കാണാത്തതു കൊണ്ടു മാത്രമല്ല ചിത്രത്തെ ടാക്‌സ് ഫ്രീ ആക്കാത്തത്. അടുത്തിടെ 83 സിനിമയെ ടാക്‌സ് ഫ്രീയാക്കി. നല്ല സിനിമകള്‍ എടുക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ ചിത്രം ടാക്‌സ് ഫ്രീക്കും അപ്പുറമാണ്. ഇതൊരു മൂവ്‌മെന്റാണ്. 32 വര്‍ഷമായി ബുദ്ധിമുട്ടുന്ന ആളുകളുടെ മുറിവില്‍ ഉപ്പു തോക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. ഗാലറിക്കു വേണ്ടി കളിക്കുകയാണ് അദ്ദേഹം. സ്റ്റാന്‍ഡ് അപ് കൊമേഡിയനാവാനാണ് അദ്ദേഹം ശ്രമിച്ചത്. വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം, ഐആര്‍എസ് ഉദ്യോഗസ്ഥന്‍. വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ പോലും ഇങ്ങനെ സംസാരിക്കില്ല. - അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു. 

ദിവസങ്ങള്‍ക്കു മുന്‍പാണ് കശ്മീര്‍ ഫയല്‍സ് ടാക്‌സ് ഫ്രീ ആക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. എല്ലാവരും കാണണമെന്നുണ്ടെങ്കില്‍ ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്യാനാണ് കെജരിവാള്‍ പറഞ്ഞത്. കാശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ പണമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


أحدث أقدم