"നല്ല കുടുംബത്തിൽ പിറന്ന, ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരണം": സന്ത്യൻ അന്തിക്കാട്




സ്വന്തം കുടുംബത്തെയോ ജീവിതത്തെയോ നോക്കാത്തവർ രാഷ്ട്രീയത്തിൽ വരുന്നതിനെയാണ് സന്ദേശം സിനിമ വിമർശിച്ചതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. രാഷ്ട്രീയക്കാർ സ്വയം നന്നായിട്ട് വേണം നാട് നന്നാക്കാനെന്നാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. എന്നാൽ, സിനിമയെ അരാഷ്ട്രീയമെന്ന് മുദ്രകുത്താനാണ് ഒരുവിഭാഗം ശ്രമിച്ചത്. 'സന്ദേശം' എന്ന സിനിമയിൽ അരാഷ്ട്രീയത ഇല്ലെന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റുകളുമായി സംവദിക്കവെ സത്യൻ അന്തിക്കാട് പറഞ്ഞു. 

രാഷ്ട്രീയത്തിൽ നിന്ന് മുഖം തിരിച്ച് അവനവന്റെ കാര്യം നോക്കി പോ എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. സന്ദേശത്തിൽ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങൾ നല്ല രാഷ്ട്രീയക്കാരല്ല. തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, 'രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ ചെയ്യുമ്പോൾ', സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. 

"സമരങ്ങളില്ലാത്ത സ്‌കൂളുകളിലാണ് സാധാരണയായി ഇപ്പോൾ കുട്ടികളെ ചേർക്കുന്നത്. ആ കുട്ടികൾ പത്താം ക്ലാസ് കഴിഞ്ഞ് യൂണിഫോമിട്ട് ഒരു പ്രത്യേക തരം ഉത്പന്നമായി വളർന്ന് വന്ന് ഡിഗ്രിയെടുത്ത്, ഐഎഎസ്സുകാരാകുന്നു, അല്ലെങ്കിൽ ഡോക്ടർമാരാവുന്നു. രാഷ്ട്രീയമുള്ളൊരു സാധാരണ സ്‌കൂളിൽ കുട്ടികളെ ചേർത്താൽ അവർ ബസിന് കല്ലെറിഞ്ഞും, സമരം ചെയ്തും, അവസാനം മന്ത്രിമാരായിട്ട് ഇവരെ ഭരിക്കുന്ന കാലത്തിലേക്കാണ് വരുന്നത്. അതുകൊണ്ട് നല്ല കുടുംബത്തിൽ പിറന്ന, നല്ല ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. എന്നാലേ രാഷ്ട്രീയത്തിനെ ശുദ്ധീകരിക്കാൻ കഴിയുള്ളു", സത്യൻ അന്തിക്കാട് പറഞ്ഞു.


أحدث أقدم