സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണം; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു




 

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് ദിവസം ഹാജരാവത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഉണ്ടാകില്ല. ഓഫീസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍ നില ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കും നിര്‍ദേശം നല്‍കി. 

ജോലിക്കെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മനപ്പൂര്‍വം ജോലിക്കെത്താത്തവരെ സര്‍വീസില്‍ നിന്നും പുറത്താക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.


أحدث أقدم