പണിമുടക്കിനിടെ ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ





മലപ്പുറം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്കിനിടെ തിരൂരിൽ ഓട്ടോ ഡ്രൈവർ യാസിറിനെ മർദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സി.ഐ.ടിയു, എസ്.ടി.യു, എ.ഐ.ടി.യുസി പ്രവർത്തകരും നേതാക്കളുമാണ് അറസ്റ്റിലായത്. സി.ഐ.ടി.യു നേതാവ് രഞ്ജിത്, ഷാഫി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറായ യാസിറിനെയാണ് സമരാനുകൂലികൾ മർദിച്ചത്. തിങ്കളാഴ്ച രാവിലെ, അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് സുഹൃത്തു വിളിച്ചതിന് പിന്നാലെയാണ് യാസിര്‍ ഓട്ടോറിക്ഷ എടുത്ത് ഇറങ്ങിയത്. ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ഇരുപത്തഞ്ചോളം വരുന്ന സമരാനുകൂലികള്‍ യാസിറിനെ ഓട്ടോയില്‍നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ഇതിനു പിന്നാലെ മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ആക്രമിച്ചവരുടെ പേര് അടക്കം യാസിര്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് 25 പേർക്കെതിരെ യാസിർ പരാതി നൽകുകയായിരുന്നു.
أحدث أقدم