കൊച്ചിയിലെ തൂണിനുണ്ടായ പിഴവ് രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, തുറന്ന് സമ്മതിച്ച് ഇ.ശ്രീധരൻ









കൊച്ചി: നിർ‍മാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ്  കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് വിലയിരുത്തൽ. ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. 

ഇരുപത് ദിവസത്തിനുളളിൽ യഥാർഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള മേൽനോട്ടപ്പിഴവുണ്ടായെന്നും ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ പറഞ്ഞു.

പത്തടിപ്പാലത്തെ മന്നൂറ്റിനാൽപ്പത്തിയേഴാം നമ്പർ തൂണിന് സംഭവിച്ചുപോലൊരു ബലക്ഷയം രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, ഇതെങ്ങനെ സംഭവിച്ചു, ആരാണുത്തരവാദി എന്നാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ നവംബ‍ർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ ഒരു മില്ലീ മീറ്ററിന്‍റെ നേരിയ വളവ് കാണപ്പെട്ടത്. ഇത് പിന്നീട് 9 മില്ലീമീറ്റർ വരെയായി. ട്രെയിനോടുമ്പോൾ നേരിയ ഞ‌രക്കം കേട്ടുതുടങ്ങി. തുടർ പരിശോധനയിൽ തൂണിനോ ഗർഡറുകൾക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടിൽ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തിൽ കൊച്ചി മെട്രോ ഡിസൈൻ കൺസൾട്ടന്‍റായ ഏജിസ് അടക്കം എത്തിയത്. 

എട്ടു മുതൽ പത്തുമീറ്റർ വരെ ആഴത്തിലാണ് പത്തടിപ്പാലം മേഖലയിൽ കട്ടിയുളള പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളിൽനിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്. എന്നാൽ ഇവിടെ നടത്തിയ പൈലിങിൽ പിഴവുപറ്റിയെന്നാണ് ഡിഎം ആർസി മുഖ്യകൺസൾട്ടാന്‍റായ ഇ ശ്രീധരൻ അടക്കം കണക്കുകൂട്ടുന്നത്.

1. പാറ തുരന്ന് ആഴത്തിൽ പൈലിങ് ഉറപ്പിക്കുന്നതിൽ വീഴ്ച പറ്റി. കട്ടിയുളള പാറയിൽത്തന്നെയാണോ പൈലിങ് നടത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്

2. ഉരുക്കുകന്പികൾ പാറയിൽ ഉറപ്പിച്ചശേഷം യന്ത്രസംവിധാനത്തിലൂടെ കോൺക്രീറ്റ് താഴെയെത്തിച്ചാണ് പൈലിങ് നടത്തുന്നത്. ഇത്തരത്തിൽ കോൺക്രീറ്റിങ് നടത്തിയപ്പോഴും അടിത്തട്ടിൽ പിഴവ് വന്നതായി കരുതുന്നു.

ഇക്കാര്യത്തിൽ വിവിധ തട്ടുകളിലായുളള പിഴവ് വന്നെന്നാണ് കണക്കുകൂട്ടൽ. കരാർ ഏറ്റെടുത്ത എൽ ആന്‍റ് ടി കമ്പനി ഗുണനിലവാരം ഉറപ്പാക്കിയില്ല. ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കേണ്ട ഡി എം ആർ സിയുടെ അടക്കം എഞ്ചിനീയർമാർക്കും ക്വാളിറ്റി കൺസൾട്ടന്‍റുമാർക്കും പിഴവ് പറ്റി

കൊച്ചി മെട്രോയിൽ നിലവിൽ ഒരു തൂണിന് മാത്രമാണ് ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഡി എം ആർ സി പോലെ രാജ്യത്തെ ഏറെ വിശ്വാസ്യതയുളള സ്ഥാപനം ഏറ്റെടുത്ത നടത്തിയ പദ്ധതിയിലാണ് ഈ വീഴ്ച സംഭവിച്ചത് എന്നതു കൂടി ശ്രദ്ധിക്കേണ്ടതാണ്. 

أحدث أقدم