ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു മീനാക്ഷി ഗിന്നസ് ബുക്കിലേക്ക്

  

ഫറോക്ക് (കോഴിക്കോട്) : ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു എന്ന പേരുമായി ഗിന്നസ് ബുക്കിൽ ഇടം നേടാൻ മീനാക്ഷിയും. ക്ഷീര കർഷകൻ ഫറോക്ക് കരുവൻതിരുത്തി സഹീദ മൻസിലിൽ കെ എം മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയാണ് ​ഗിന്നസ് ബുക്കിൽ ഇടം നേടാനായി കാത്തിരിക്കുന്നത്. 

മൂന്നു വയസുകാരി മീനാക്ഷിയുടെ ഉയരം 76 സെന്റീമിറ്റർ മാത്രമാണ്. ഫെബ്രുവരി 22നായിരുന്നു പ്രസവം. നിലവിൽ ഈ വിഭാഗത്തിൽ 90 സെന്റിമീറ്റർ ഉയരമുള്ള വെച്ചൂർ പശുവിനാണ് ഗിന്നസ് റെക്കാഡ്. ആന്ധ്രയിലെ പുങ്കാനൂർ ഇനമാണ് മീനാക്ഷി. അര ലിറ്റർ പാൽ മാത്രമാണ് ഒരു ദിവസം കിട്ടുന്നത്. 

വാങ്ങുമ്പോൾ തന്നെ മീനാക്ഷി ഗർഭിണിയായിരുന്നു എന്ന് മുഹമ്മദ് പറയുന്നു. ഗിന്നസ് റെക്കാഡിന്റെ കാര്യത്തിൽ മൂന്ന് മാസത്തിനകം വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മീനാക്ഷി യൂണിവേഴ്‌സൽ റെക്കാഡിന് അർഹയായിട്ടുണ്ട്. ഇന്ന് വൈകിട്ട് സഹീദ മൻസിലിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമർപ്പിക്കും.


أحدث أقدم