അഴുക്കുചാലില്‍ വീണു മൂന്നു തൊഴിലാളികളും രക്ഷിക്കാന്‍ ശ്രമിച്ചയാളും മരിച്ചു









ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16ല്‍ അഴുക്കുചാലില്‍ വീണു നാലു പേര്‍ മരിച്ചു. മൂന്നു തൊഴിലാളികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു റിക്ഷാത്തൊഴിലാളിയുമാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ബുധനാഴ്ച പുലര്‍ച്ചെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയാണ് സമയ്പൂര്‍ ബദ്ലി പോലീസ് സ്റ്റേഷനില്‍ സംഭവത്തെക്കുറിച്ചു വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. ബച്ചു സിംഗ്, പിന്റു, സൂരജ് കുമാര്‍ സാഹ്നി എന്നീ തൊഴിലാളികളും രോഹിണി സെക്ടര്‍ 16 ലെ സര്‍ദാര്‍ കോളനിയില്‍ താമസിക്കുന്ന റിക്ഷാക്കാരന്‍ സതീഷ് (38) എന്നിവരാണ് മരിച്ചത്.

മലിനജല ചാലില്‍നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ശ്രീനിവാസ് പറഞ്ഞു. എംടിഎന്‍എല്‍ ലൈനുകളില്‍ ജോലി ചെയ്യുന്ന മൂന്നു സ്വകാര്യ കരാര്‍ ജീവനക്കാരാണ് ആദ്യം അഴുക്കുചാലില്‍ വീണത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു റിക്ഷാക്കാരനും പിന്നീട് ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറിലാണ് സംഭവം.
أحدث أقدم