ജോലിയ്ക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് മർദ്ദനം, സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ അറസ്റ്റിൽ







കൊച്ചി: കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ് അറസ്റ്റിലായത്.

പണിമുടക്ക് ദിവസവും ജോലിക്കെത്തിയതിനാണ് മനോജിന് മർദ്ദനമേറ്റതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തന്നെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം. പിന്നീട് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചു. ഉച്ചയോടെ സമരക്കാർ വീണ്ടുമെത്തി മനോജിനെ മർദ്ദിക്കുകയായിരുന്നു. കോതമംഗലം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാട്ടുകാരായ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകൽ സംസ്ഥാനത്ത് ഹർത്താലായി മാറി. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു.

ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് വാഹനം ഒരുക്കി.


أحدث أقدم