അഹിന്ദുവായതിനാല്‍ മാറ്റി നിര്‍ത്തി'; കൂടല്‍മാണിക്യം നൃത്തോല്‍സവത്തില്‍ അനുമതി നിഷേധിച്ചെന്ന ആരോപണവുമായി നര്‍ത്തകി

തൃശൂര്‍: നോട്ടീസില്‍ പേരടിച്ചുവന്ന ശേഷം കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് ആരോപണം. കൂടല്‍മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ വിപിയാണ് രംഗത്തെത്തിയത്. ഏപ്രില്‍ 21ന് വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താന്‍ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ചറിയിച്ചതെന്ന് ഇവര്‍ പറയുന്നു.

അഹിന്ദു ആയതിനാല്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായെന്ന് ഇവര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ഉത്സവത്തിനോട് അനുബന്ധിച്ച് ലഭിച്ച അവസരവും ഇതേ കാരണത്താല്‍ നിഷേധിച്ചിരുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.മന്‍സിയ വിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' ഏപ്രില്‍ 21 വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ


നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് മതം മാറാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
أحدث أقدم