വാഹനങ്ങൾ ഓടില്ല; പൊതു പണിമുടക്കിൽ മോട്ടോർ തൊഴിലാളികളും പങ്കെടുക്കും





തിരുവനന്തപുരം: ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ മോട്ടോർ മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. ഈ ദിവസങ്ങളിൽ വാഹനങ്ങൾ ഓടില്ലെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അറിയിച്ചു. മാർച്ച് 28 രാവിലെ ആറ് മണി മുതൽ 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. കേന്ദ്രത്തിൽ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകൾ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

വ്യാപാര- വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കും. കർഷകസംഘടനകൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, അധ്യാപക സംഘടനകൾ, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവരും പണിമുടക്കിൽ പങ്കെടുക്കും. വ്യോമയാന മേഖലയിലെ തൊഴിലാളികളുടെയും റെയിൽവെ തൊഴിലാളികളുടെയും സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്ത സമിതി പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലൻസ്, മരുന്നുകടകൾ, പാൽ, പത്രം, ഫയർ ആന്റ് റസ്‌ക്യൂ പോലുള്ള ആവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കർഷകരുടെ ആറു ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവത്കരണവും ദേശീയ ആസ്തി വിൽപനയും നിർത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

أحدث أقدم