നാടക, സാംസ്‌കാരിക പ്രവർത്തകൻ മധു മാഷ്‌ അന്തരിച്ചു.









കോഴിക്കോട്‌: നാടക, സാംസ്‌കാരിക പ്രവർത്തകൻ മധു മാഷ്‌ (കെ കെ മധുസൂദനൻ 73) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 

നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ എന്ന നാടകത്തിന്റെ രചയിതാവും സംവിധായകനുമായ മധു മാഷിന്റെ ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങിയ നാടകങ്ങൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ‌. ജോൺ എബ്രഹാമിന്റെ ജനകീയ ചലച്ചിത്ര പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിച്ചിരുന്നു .

1948 ഒക്‌ടോബർ 12ന്‌ കൊല്ലരുകണ്ടി ചന്തുവിന്റെയും നാരായണിയുടെയും മകനായി അത്താണിക്കലിലാണ്‌ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട്‌ ട്രെയിനിങ്‌ കോളേജിൽനിന്ന്‌ അധ്യാപക പരിശീലനം പൂർത്തിയാക്കി. വയനാട്ടിലെ കൈനാട്ടി എൽപി സ്‌കൂളിൽ അധ്യാപകനായി പ്രവർത്തിക്കവെ നക്‌സൽബാരി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ ജയിലിലായി. 

പല സമയങ്ങളിലായി സാംസ്കാരിക , രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട്‌ വർഷത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട് . ‌ കേസിൽ നിന്ന് വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്‌കൂൾ , കുറ്റിച്ചിറ ഗവ എൽപി സ്‌കൂൾ, കൊയിലാണ്ടി ഗവ മാപ്പിള സ്‌കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടിക്കടുത്ത്‌ ചെറുകുന്ന്‌ ഗവ യുപി സ്‌കൂളിലെ പ്രധാനാധ്യാപകനായിട്ടാണ് വിരമിച്ചത് . 

ഭാര്യ: കെ തങ്കം. 
മക്കൾ: വിധുരാജ്‌ (ഫോട്ടോ ഗ്രാഫർ, മലയാള മനോരമ), അഭിനയ രാജ്‌ (എഎൻഎസ് മീഡിയ കൊച്ചി). മരുമക്കൾ: വിധു രാജ് (ജില്ലാ സഹകരണ ആശുപത്രി), 
പി. സുദർഷിണ.


أحدث أقدم