പണപ്പെരുപ്പം, വിലക്കയറ്റം, ക്ഷാമം; ശ്രീലങ്കയിൽ ജനം തെരുവിൽ



കൊളംബോ ∙ വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ശ്രീലങ്കയിൽ ജനം തെരുവിലിറങ്ങി. 

സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്നു. 
പെട്രോളിനും ഡീസലിനും 40% വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 283  ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കൻ രൂപ =  29 ഇന്ത്യൻ പൈസ).

 വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. 
പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് കൊളംബോയിൽ കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. പ്രസിഡന്റിന്റെ ഓഫിസിലേക്കു കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്കു പരുക്കേറ്റു.

ഇതിനിടെ, ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം. ഈ വർഷം ഇതുവരെ 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ ശ്രീലങ്കയ്ക്കു നൽകി.

വിദേശനാണയശേഖരം വർധിപ്പിക്കാൻ രാജ്യാന്തര നാണയനിധിയിൽനിന്നു വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്നു പ്രസിഡന്റ് ഗോട്ടബയ പറഞ്ഞു. ചൈനയുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനു പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ചിട്ടുണ്ട്. 


*എന്താണ് ശ്രീലങ്കൻ പ്രതിസന്ധി?*

 ഇന്ധനം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ആവശ്യമാണ്. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം പ്രതിസന്ധിയിലായി. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശവായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർധിച്ചു.

أحدث أقدم