'പണിമുടക്കാനുള്ള അവകാശം എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തത്; അത് കോടതിക്ക് എങ്ങനെ നിഷേധിക്കാനാവും?': കാനം രാജേന്ദ്രന്‍




 
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ രണ്ടുദിവസത്തെ ദേശീയപണിമുടക്ക് വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശം കോടതികള്‍ക്ക് എങ്ങനെ നിഷേധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'എല്ലാ ഭീക്ഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വന്‍ വിജയമാക്കിയ തൊഴിലാളികളേയും പൊതുസമൂഹത്തെയും അഭിവാദ്യം ചെയ്യുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്രകടനമാണ് കോടതി പോലും പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ അതു തള്ളിക്കളഞ്ഞ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നത്. 

പണിമുടക്കാനുള്ള അവകാശം തൊഴിലാളികള്‍ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. അതു നിഷേധിക്കാന്‍ കോടതികള്‍ക്ക് എങ്ങനെ കഴിയും?. ഈ പണിമുടക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിമുടക്ക് നല്‍കുന്ന മുന്നറിയിപ്പ് മനസിലാക്കാന്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളില്‍ നിന്നും പിന്മാറാനും ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണം'-കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അറിയിച്ചു.


أحدث أقدم