ഉറക്കം ചതിച്ചു; യുവ മോഷ്ടാവ് കുടുങ്ങി




പ്രതീകാത്മക ചിത്രം
 

കൊല്ലം: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ കയറിയ യുവാവിനെ ഉറക്കം ചതിച്ചു! മോഷ്ടിച്ച സാധനങ്ങളെല്ലാം പാക്ക് ചെയ്ത ശേഷം ഉറങ്ങിപ്പോയ കള്ളനെ വീട്ടുടമയും പൊലീസും ചേർന്ന് വിളിച്ചുണർത്തി. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രിമുക്ക് തടത്തിവിള വീട്ടിൽ റിട്ട. ജനറൽ വൈ തരകന്റെ വീട്ടിലാണ് സംഭവം. വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീരാവിൽ സ്വദേശിയായ യുവാവിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു.

 വീട്ടിൽ ഇന്നലെ വൈകീട്ടോടെ എത്തിയ തരകൻ മുന്നിലെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ അവിടെ യുവാവ് ഉറങ്ങുന്നതാണ് കണ്ടത്. ഉടൻ പുറത്തിറങ്ങി സമീപവാസികളെയും കുണ്ടറ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാവിനെ വിളിച്ചുണർത്തിയത്. മോഷ്ടിച്ച സാധനങ്ങൾ കൊണ്ടു പോകാനായി സഞ്ചികളിൽ ഭദ്രമായി ശേഖരിച്ചു വച്ചിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വശത്തെ കതകിന്റെ പൂട്ട് പൊളിച്ചാണ് യുവാവ് അകത്തു കടന്നതെന്നു കണ്ടെത്തി. വൈദ്യ പരിശോധന നടത്തി സ്റ്റേഷനിലെത്തിച്ച യുവാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചാലെ മോഷണമാണോ ലക്ഷ്യമെന്ന് സ്ഥിരീകരിക്കാനാകു എന്നു പൊലീസ് വ്യക്തമാക്കി. 


أحدث أقدم