ശ്രീനഗര്‍: സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ വ്യാപക നാശനഷ്ടം. ശ്രീനഗറിലെ ബോണ്‍ ആന്‍ഡ് ജോയിന്റ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്.
തീ പടര്‍ന്ന് പിടിക്കുന്നതിന് മുമ്ബായി തന്നെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മുഴുവന്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒന്നുമുണ്ടായില്ല.
250ഓളം കിടക്കകള്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ എല്ലാ കിടക്കകളിലും രോഗികള്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്കും ഓക്സിജന്‍ സിലിണ്ടറുകളിലേക്കും തീ വ്യാപിച്ചതിനെ തുടര്‍ന്ന് ഉഗ്ര ശബ്ദത്തില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗത്തിന് സമീപമായിട്ടാണ് ആദ്യം തീ കണ്ടത്. അവിടുന്ന് ഓപ്പറേഷന് തിയേറ്റര്‍ അടക്കമുള്ള ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിബാധയ്ക്കുള്ള കാരണം അന്വേഷിക്കുന്നുണ്ടെന്നും നിലവില്‍ തീ കെടുത്തിയിട്ടുണ്ടെന്നും ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഐജാസ് ആസാദ് പറഞ്ഞു.