സര്‍ക്കാരിന്റെ പുതിയ മദ്യനയം ഗോഡ്‌സ്ഓണ്‍ കണ്‍ട്രിയെ ഗോസ്റ്റ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റാനുള്ളത്: പി.കെ. കൃഷ്ണദാസ്





കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഗോഡ്‌സ്ഓണ്‍ കണ്‍ട്രിയെ ഗോസ്റ്റ് ഓണ്‍ കണ്‍ട്രിയാക്കി മാറ്റാനുള്ളതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.  

സംസ്ഥാനത്ത് മദ്യമൊഴുക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ പുതിയ മദ്യനയം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പുതിയ നയം നടപ്പാക്കുന്നതിന് വിചിത്ര ന്യായീകരണമാണ് സര്‍ക്കാര്‍ പറയുന്നത്. മദ്യ ഉത്പാദനം വര്‍ധിപ്പിച്ച് വില്‍പന കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാഫിയ സംഘങ്ങള്‍ വ്യാപകമായി ലഹരി മരുന്ന് ഒഴുക്കുമ്പോള്‍ സര്‍ക്കാര്‍ മദ്യം ഒഴുക്കാന്‍ ശ്രമിക്കുന്നു. മദ്യത്തെ നിത്യോപയോഗ സാധനമാക്കിയാണോ നവകേരള സൃഷ്ടിയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മലയാളിയെ മദ്യപാനിയാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.   

കെ-റെയില്‍ സമരത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ പിഴുതുമാറ്റിയ അതിരടയാളക്കല്ലുകള്‍ സിപിഎം നേതാക്കളെത്തി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. പോലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ നേരിടാന്‍ സാധിക്കാത്തതുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത്.

 സാമൂഹ്യാഘാത പഠനം നടത്താന്‍ കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. സമരം നടത്തുന്ന ജങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിന്. കോടതിയേയും മാധ്യമ പ്രവര്‍ത്തകരെയും വെല്ലുവിളിക്കുന്ന സമീപനം സിപിഎം തിരുത്താന്‍ തയ്യാറാകണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. 

പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
أحدث أقدم