ഏഷ്യയിലെ ഏറ്റവും വലിയ ആന; നടുങ്കമുവ രാജ ചരിഞ്ഞു



നടുങ്കമുവ രാജ /ഫോട്ടോ: ട്വിറ്റർ
 

കൊളംബോ: ഏഷ്യയിലെ ഏറ്റവും വലിയ ആനയായി കരുതപ്പെടുന്ന നടുങ്കമുവ രാജ (69) ചരിഞ്ഞു.‌ മൈസൂരിൽ ജനിച്ച രാജ മൂന്നുവയസ്സുള്ളപ്പോൾ ശ്രീലങ്കയിലെത്തിയതാണ്. ശ്രീലങ്കയുടെ ദേശീയ സുരക്ഷ ലഭിച്ചിരുന്ന ആനകളിൽ ഒന്നാണ് നെടുങ്കമുവ രാജ. തോക്കേന്തിയ സുരക്ഷാഭടൻമാർക്കൊപ്പമായിരുന്നു പലപ്പോഴും ആനയുടെ സഞ്ചാരം.

മൈസൂരു മഹാരാജാവ് രാജകുടുംബാംഗത്തിന്റെ രോഗം മാറ്റിയ ഒരു ശ്രീലങ്കൻ നാട്ടുവൈദ്യനു സമ്മാനമായി നൽകിയ രണ്ട് ആനകളിൽ ഒന്നാണിത്. 1978ലാണ് ശ്രീലങ്കയിലെ പ്രശസ്ത ആയുർവേദ വിദഗ്ധനായ ധർമവിജയ വേദ രാലഹാമി രാജയെ വാങ്ങി. രാലഹാമിയുടെ മകൻ ഡോ. ഹർഷ ധർമവിജയ ആണ് രാജയുടെ ഇപ്പോഴത്തെ ഉടമ. ദേശീയ സ്വത്തായി അറിയപ്പെടുന്ന ഈ ആനയുടെ പേരിൽ ശ്രീലങ്കൻ തപാൽ വകുപ്പ് 2019ൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു.  

ശ്രീലങ്കയിലെ നടുംഗമുവയിലാണു രാജ താമസിച്ചിരുന്നത്. കാൻഡിയിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തിൽ എല്ലാ വർഷവും ഓ​ഗസ്റ്റ് 11ന് നടക്കുന്ന ശ്രീബുദ്ധന്റെ ദന്ത തിരുശേഷിപ്പ് എഴുന്നള്ളിപ്പിൽ കഴിഞ്ഞ 11 വർഷമായി പേടകം വഹിച്ചത് നടുങ്കമുവ രാജയായിരുന്നു. നടുംഗമുവയിൽ നിന്ന് 100 കിലോമീറ്റർ യാത്ര ചെയ്ത് രാജ കാൻഡിയിലെത്തും. 10 ദിവസങ്ങളെടുത്ത് കാൽനടയായാണ് രാജയുടെ യാത്ര. 
أحدث أقدم