എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം; തെറ്റു പറ്റിയെന്ന് സമ്മതിച്ച് പൊലീസ്; പൊറുക്കണമെന്ന് അപേക്ഷ



കണ്ണൂർ: ലോക്ക്ഡൗൺ സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റായിപോയെന്ന് പൊലീസ്. ജില്ലാ പൊലീസ് മേധാവിയായിരുന്ന എസ്പി യതീഷ് ചന്ദ്രയാണ് ലോക്ക്ഡൗൺ ലംഘിച്ചവരെ ഏത്തമീടിച്ചത്. അന്നുണ്ടായ വീഴ്ച പൊറുക്കണമെന്നും പൊലീസ് മനുഷ്യാവകാശ കമ്മീഷനോട് അപേക്ഷിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ കണ്ണൂർ മുൻ എസ്പി യതീഷ് ചന്ദ്രയാണ് യുവാക്കളടക്കമുള്ളവരെ ഏത്തമിടീച്ചത്. സംഭവത്തിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞത്. 2020 മാർച്ച് 22നാണ് ജില്ലാ പൊലീസ് മേധാവി വളപട്ടണത്തു തയ്യൽക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്. 

ലോക്ക്ഡൗൺ ലംഘിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രോഗ വ്യാപനം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഏത്തമിടീക്കൽ നല്ല ഉദ്ദേശ്യത്തിൽ ചെയ്തതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഏത്തമിടീച്ച നടപടി തെറ്റാണെന്നും വീഴ്ച പൊറുക്കണമെന്നും കണ്ണൂർ റേഞ്ച് ഡിഐജി അഭ്യർഥിച്ചു. 

നിയമ ലംഘനം കണ്ടെത്തിയാൽ പൊലീസ് ആക്ടിൽ നിഷ്കർഷിക്കുന്നതനുസരിച്ചു നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. തുടർ നടപടികൾ സ്വീകരിക്കേണ്ടത് കോടതികളാണ്. 

കോവിഡ് വ്യാപനം തടയാൻ പൊലീസ് സ്ത്യുത്യർഹ സേവനം നടത്തിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമ ലംഘകർക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ല. 

أحدث أقدم