‘ശരീരം പാതി പകുത്തുനൽകിയ അമ്മയും ദൈവത്തെപ്പോലെ കരം പിടിച്ച ഡോക്ടറും മുന്നോട്ടു ജീവിക്കാൻ കരുത്തു പകർന്ന നാടുമാണ് 19 വർഷം മുൻപ് എനിക്കു രണ്ടാം ജന്മം നൽകിയത്’ – ആലപ്പുഴ സ്വദേശി ടി.വി. നോർബർട്ട് (അനു വർഗീസ് –14) മെഡിക്കൽ കോളജ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവിയായിരുന്ന ഡോ.കെ.പി. ജയകുമാറിന് അയച്ച കത്തിലെ വരികളാണ് ഇത്. 2003 മേയ് 19നാണ് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നോർബർട്ടിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഏറ്റവും പ്രായം കുറഞ്ഞ ആൾ. നോർബർട്ടിനു മാത്രമല്ല നെഫ്രോളജി വിഭാഗത്തിൽ ചികിത്സ തേടുന്ന രോഗികൾക്കെല്ലാം രോഗശാന്തിയുടെ പര്യായമാണ് ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ.കെ.പി. ജയകുമാർ. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡൽ ഓഫിസറായി 2012 മുതൽ പ്രവർത്തിക്കുന്നു. 2017ൽ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലായി. 2021 ജൂലൈ 29 മുതൽ പ്രിൻസിപ്പലുമായി.
മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായി നിയമിക്കുന്ന വിവരം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചപ്പോൾ ഡോ. ജയകുമാർ ഒരു ആവശ്യമേ മുന്നോട്ടുവച്ചുള്ളൂ. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കാം, ഒപ്പം രോഗികളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക അനുമതി നൽകണം. ഇത് അംഗീകരിക്കപ്പെട്ടതോടെ ഡോ. ജയകുമാർ ഒരേ സമയം പ്രിൻസിപ്പലും രോഗികളെ ചികിത്സിക്കുന്ന ഡോക്ടറുമായി തുടർന്നു. ചികിത്സ തേടി എത്തുന്ന നിർധന രോഗികൾക്ക് മരുന്നു വാങ്ങിക്കൊടുക്കാനായി ശമ്പളത്തിന്റെ ഒരു വിഹിതം ഇദ്ദേഹം മാറ്റിവച്ചിരുന്നു.
കോട്ടയം എൻഎസ്എസ് താലൂക്ക് യൂണിയൻ 2018ൽ എൻ.ഗോവിന്ദമേനോൻ ജന്മശതാബ്ദി സ്മാരക പുരസ്കാരം ഡോ. ജയകുമാറിനു സമ്മാനിച്ചു.
പുരസ്കാരത്തുകയായ കാൽ ലക്ഷം രൂപ അന്ന് രാവിലെ താൻ വൃക്ക മാറ്റിവച്ച ചേർത്തല സ്വദേശി യുവാവിന്റെ ബന്ധുക്കൾക്കു കൈമാറി.മെഡിക്കൽ കോളജിൽ അദ്ദേഹത്തിന്റെ ഒപി ആറുവരെ നീളുന്നത് പതിവായിരുന്നു. ഒരു പരിഭവവുമില്ലാതെ, അവസാന രോഗിയെ വരെ പരിശോധിച്ചശേഷമേ ഡോക്ടർ ഒപിയിൽ നിന്നു മടങ്ങാറുള്ളൂ.2002 ജൂൺ 30 ന് മെഡിക്കൽ കോളജിൽ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അവയവദാനം വഴി ലഭിക്കുന്ന വൃക്ക മറ്റൊരാൾക്കു മാറ്റി വയ്ക്കുന്ന കഡാവർ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായി നടത്തിയതും ഇദ്ദേഹം തന്നെ. 2012 ഡിസംബർ 16നായിരുന്നു അത്.
അതിനുശേഷം 20 വർഷത്തിനിടെ 211 വൃക്കമാറ്റ ശസ്ത്രക്രിയകൾ ഡോ. കെ.പി. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തി. ഇതിൽ 52 എണ്ണം കഡാവർ ശസ്ത്രക്രിയകൾ. നെഫ്രോളജി വിഭാഗത്തിന് സ്വന്തമായി ശസ്ത്രക്രിയ തിയറ്റർ, തീവ്രപരിചരണ വിഭാഗങ്ങൾ എന്നിവയും ആരംഭിച്ചു. ഇപ്പോൾ 2 മോഡുലർ ശസ്ത്രക്രിയ തിയറ്ററുകളും തീവ്ര പരിചരണ വിഭാഗങ്ങളും ഉണ്ട്. കൂടാതെ ദിവസം 90 രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുളള സൗകര്യവും സജ്ജമാക്കി.
ഡോക്ടർ ജയകുമാറിനൊപ്പം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒൻപത് ഡോക്ടർമാർ ആണ് ഇന്നലെ വിരമിച്ചത്.