റോഡിലൂടെ നടന്നുപോയ പത്തുവയസുകാരിയുടെ കാലുകളിൽ ടിപ്പർ കയറിയിറങ്ങി, ​ഗുരുതര പരിക്ക്



പ്രതീകാത്മക ചിത്രം
 

കൊല്ലം; പത്തു വയസുകാരിയുടെ കാലിലൂടെ ടിപ്പർ കയറിയിറങ്ങി. കടയ്ക്കൽ ഈയ്യക്കോട് കുമ്പളം എസ്ആർ മന്ദിരത്തിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൾ ശ്രീനന്ദയ്ക്കാണ് ​ഗുരുതര പരുക്കേറ്റത്.

 റോഡിലൂടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ശ്രീനന്ദയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കടയ്ക്കൽ ചിങ്ങേലി ജലഅതോറിറ്റി ഓഫിസിനു മുന്നിലാണ് അപകടമുണ്ടായത്. ശ്രീനന്ദ വീട്ടിൽ നിന്ന് പുറപ്പെട്ട് ചിങ്ങേലി ജംക്‌ഷനിൽ ബസിറങ്ങി റോഡിന് ഇടതു വശത്തു കൂടി കാൽനടയായി വരുന്നതിനിടെ  എതിരെ‍ വന്ന ടിപ്പറിന്റെ പിൻഭാഗത്ത് ടയറിനടിയിൽ പെടുകയായിരുന്നു. കാൽ പാദത്തിന്റെ ഭാഗത്തിലൂടെയാണ് ടയർ കയറിയിറങ്ങിയത്. 

നാട്ടുകാർ ഓടിയെത്തി ശ്രീനന്ദയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുണ്ടറ ഭാഗത്ത് നിന്നു കുമ്മിൾ ഭാഗത്തുള്ള ക്വാറിയിൽ വന്നതാണ് ടിപ്പർ. കടയ്ക്കൽ പൊലീസ് എത്തി ഡ്രൈവർ ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തു. കടയ്ക്കൽ ടൗൺ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനന്ദ.
أحدث أقدم