ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാർ ..മുഖ്യമന്ത്രി പിണറായി വിജയന്‍



തിരുവനന്തപുരം▪️ ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് വില വര്‍ധനവ് ലഘൂകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന് ബഹു. പ്രധാനമന്ത്രി പരാമര്‍ശിച്ചതായി കണ്ടു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

'കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കട്ടെ. 2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണയായി നികുതിയില്‍ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ദ്ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2014 ല്‍ പെട്രോളിന് മേലുള്ള ആകെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നും 31.83 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പല കാരണങ്ങളാല്‍ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങള്‍ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വര്‍ദ്ധന പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവര്‍ധനയുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം'-മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
أحدث أقدم