മുംബൈ: ചലച്ചിത്ര- ടെലിവിഷന്‍ താരവും തിയേറ്റര്‍ നടനുമായ സലീം ഖൗസ് (70) മുംബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലും പ്രശസ്ത ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം എന്ന ചിത്രത്തിലൂടെയാണ് സലീം ഖൗസ് മലയാളത്തില്‍ ശ്രദ്ധ നേടിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ രാഘവന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.
ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം 'വെട്രിവിഴ' എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി. നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.
ചെന്നൈയില്‍ ജനിച്ച സലിം ഘൗസ് ക്രൈസ്റ്റ്ചര്‍ച്ച് സ്കൂളിലും പ്രസിഡന്‍സ് കോളെജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദവും നേടി. 1978ല്‍ പുറത്തെത്തിയ ഹിന്ദി ചിത്രം സ്വര്‍ഗ് നരകിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
ചക്ര, കെയ്‌ല, ത്രികാല്‍, ദ്രോഹി, സോള്‍ജ്യര്‍, ഇന്ത്യന്‍ ചാണക്യ തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മണിരത്‌നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ ടിടി വിക്രം എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സലിമിന്‍റെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്.