തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും.
തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. മെയ് 5ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിര്‍ത്തിവെച്ചു.
കെഎസ്‌ഇബിയിലെ ഹൈ വോള്‍ട്ടേജ് സമരത്തിന് താത്കാലിക പരിഹാരം. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന ചെയര്‍മാന്‍റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി.
എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന്‍ നിലപാട് തിരുത്തിയത്. ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടിലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കള്‍ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളില്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. സസ്പെന്‍ഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നല്‍കി. സംഘടന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും, ജോലിയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് വിശദീകരണം.
ചെയര്‍മാന്‍റെ നടപടികള്‍ക്കെതിരെ മെയ് 4 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല ജാഥകള്‍ തത്ക്കാലം ഒഴിവാക്കി. കെഎസ്‌ഇബിയിലെ പ്രശ്നങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് നല്‍കാനിരുന്ന ലഘുലേഖയുടെ വിതരണവും വേണ്ടെന്നുവച്ചു. ജനവികാരം എതിരായതും, മറ്റ് സംഘടനകളുടെ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്‍റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനത്തില്‍ അംഗീകരിച്ച നയരേഖക്ക് വിരുദ്ധമാണ് കെഎസ്‌ഇബിയിലെ സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാടും തത്ക്കാലത്തേക്ക് പിന്‍വാങ്ങാന്‍ ,ഓഫീസേഴ്സ് അസോസിയേഷനെ പ്രേരിപ്പിച്ചു. മെയ് 5ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഇനി കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.