തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനത്തില്‍ കള്ളക്കണക്ക് കണ്ടെത്തിയാല്‍ ക്ലാസ് അധ്യാപകനെയും പ്രധാന അധ്യാപകനെയും ഉത്തരവാദികളാക്കി കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ (കെ.ഇ.ആര്‍) ഭേദഗതി വരുത്തി.
വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധനയില്‍ വ്യാജ വിദ്യാര്‍ഥി പ്രവേശനം നടത്തി തസ്തിക സൃഷ്ടിച്ചെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ക്ലാസ് അധ്യാപകനില്‍നിന്ന് സര്‍ക്കാറിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനും കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്ത ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
ഇനി മുതല്‍ സ്കൂളുകളില്‍ അധിക തസ്തിക/ ഡിവിഷന്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാറിന്‍റെ മുന്‍കൂര്‍ അനുമതി വേണം. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അധ്യാപക തസ്തിക സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച ചട്ടഭേദഗതി പുറപ്പെടുവിച്ചത്.
സ്കൂള്‍ പട്ടികയിലുളള കുട്ടി തുടര്‍ച്ചയായി 15 പ്രവൃത്തിദിവസം ഹാജരായില്ലെങ്കില്‍ ഇക്കാര്യം ക്ലാസ് അധ്യാപകന്‍ പ്രഥമ അധ്യാപകന് റിപ്പോര്‍ട്ട് ചെയ്യണം എന്ന വ്യവസ്ഥ പുതുതായി ഉള്‍പ്പെടുത്തി. കുട്ടിയുടെ ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ കൃത്രിമം വരുത്തുകയോ തിരുത്തല്‍ വരുത്തുകയോ ചെയ്താല്‍ ക്ലാസ് അധ്യാപകന്‍ വ്യക്തിപരമായി ഉത്തരവാദിയാകും.
അധിക ഡിവിഷന്‍/ തസ്തിക ആവശ്യമെങ്കില്‍ വിദ്യാഭ്യാസ ഓഫിസര്‍ മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി ഹാജറുള്ളതും ഇല്ലാത്തതുമായ കുട്ടികളുടെ എണ്ണം യു.ഐ.ഡി അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കണം.
അധിക തസ്തിക ആവശ്യമെന്ന് കണ്ടെത്തിയാല്‍ സര്‍ക്കാറില്‍നിന്ന് അനുമതിക്കായി ജൂലൈ 15ന് മുമ്ബായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് 'സമന്വയ' പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. തസ്തികക്കായുള്ള അപേക്ഷ ലഭിച്ചാല്‍ ഡയറക്ടര്‍ സൂപ്പര്‍ ചെക് ഓഫിസറെയോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റ് ഉദ്യോഗസ്ഥനെയോ ഉപയോഗിച്ച് പരിശോധന നടത്തണം.
ഡയറക്ടര്‍ പരിശോധന സംബന്ധിച്ച് സത്യവാങ്മൂലവും ശിപാര്‍ശയും സഹിതം സര്‍ക്കാറിലേക്ക് 'സമന്വയ' വഴി ആഗസ്റ്റ് 31ന് മുമ്ബ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡയറക്ടറുടെ ശിപാര്‍ശയുടെയും സത്യവാങ്മൂലത്തിന്‍റെയും അടിസ്ഥാനത്തിലും തുടര്‍ പരിശോധനയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 'സമന്വയ' പോര്‍ട്ടല്‍ വഴി സെപ്റ്റംബര്‍ 30നകം അധിക ഡിവിഷന്‍/ തസ്തിക അനുവദിച്ച് ഉത്തരവിറക്കണം.
ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം മാനേജര്‍ക്ക്/ ബാധിക്കുന്നയാള്‍ക്ക് പുനഃപരിശോധന അപേക്ഷ സമര്‍പ്പിക്കാം. അനുവദിച്ച തസ്തികയെ ബാധിക്കുംവിധം ജനുവരി 31ന് മുമ്ബ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചാല്‍ പ്രധാന അധ്യാപകന്‍ 'സമന്വയ' വഴി വിദ്യാഭ്യാസ ഓഫിസറെ അറിയിക്കണം.
തസ്തിക/ ഡിവിഷന്‍ കുറക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ പ്രഥമ അധ്യാപകനില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച് 20 ദിവസത്തിനകം വിദ്യാഭ്യാസ ഓഫിസര്‍ തസ്തിക നിര്‍ണയം പുതുക്കണം. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടാകും. സൂപ്പര്‍ ചെക് ഓഫിസര്‍ക്കും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും അധ്യയന വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും സ്കൂളില്‍ പരിശോധന നടത്താം.