തിരുവനന്തപുരം: അറിയിച്ചിരുന്നെങ്കില്‍ തിരുവനന്തപുരത്ത് വന്ന് പി സി ജോര്‍ജ് ഹാജരാകുമായിരുന്നു എന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എവിടെയെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ല പി സി ജോര്‍ജ് എന്നും ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്‍പില്‍ ഹാജരാവുന്ന ആളാണ് എന്നും ഷോണ്‍ പ്രതികരിച്ചു.
പി സി ജോര്‍ജിന് നിലപാടുകളുണ്ട്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട്. പറഞ്ഞത് തെറ്റോ ശരിയോ എന്ന് കാലമാണ് വിലയിരുത്തേണ്ടത് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മാന്യമായാണ് പൊലീസ് പെരുമാറിയത്. കസ്റ്റഡിയിലെടുക്കണം എന്ന് പറഞ്ഞു. ഡ്രസ് മാറിയതിന് ശേഷം വന്നാല്‍ മതിയോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ പൊലീസ് സമ്മതിച്ചു. ഞാന്‍ ഉള്‍പ്പെടെയാണ് തിരുവനന്തപുരത്തേക്ക് പോകുന്നത് എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വെച്ച് നടത്തിയ പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വസതിയില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.