പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയും മരിച്ചു








ഇടുക്കി: പുറ്റടിയിൽ പിതാവ് വീടിന് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. 

25-ന് പുലർച്ചെയാണ് ഇവരുടെ വീടിന് ശ്രീധന്യയുടെ പിതാവ് രവീന്ദ്രൻ തീകൊളുത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഏപ്രിൽ 25-ന് തിങ്കളാഴ്ച പുലർച്ചെയാണ് രവീന്ദ്രൻ്റെ വീടിന് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രൻ തീകൊളുത്തിയത്. അഗ്നിബാധയിൽ വീട്ടിൽ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രൻ്റേയും ഉഷയുടേയും ദേഹത്ത് പതിക്കുകയും ചെയ്തു.


അഗ്നിബാധയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ തീയണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന രവീന്ദ്രൻ്റേയും ഉഷയുടേയും മൃതദേഹങ്ങൾ പുറത്തേക്ക് എടുത്തത്.

അപകടത്തിന് മുൻപ് രവീന്ദ്രൻ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും തീകത്തിക്കാൻ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.
أحدث أقدم