രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്റെ ഊർജ്ജിത ശ്രമം; സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല





ന്യൂഡൽഹി : രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഊർജിത ശ്രമം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിച്ചു. നിലവിൽ പ്രതിസന്ധി ഇല്ലെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്സ്പ്രസ്സ്‌, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതൽ റാക്കുകൾ സജ്ജജമാക്കി കൽക്കരി ട്രെയിനുകൾ ഓടിക്കാനാണ് ഈ നടപടി.

അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വൈദ്യുതി നിയന്തണം ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെ എസ് ഇ ബി നടപടി തുടങ്ങിയ സാഹചര്യത്തിലാണിത്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി തുടങ്ങി. മെയ് 3 ന് നിലവിലെ വിലയിരുത്തലനുസരിച്ച് 400 മെഗാവാട്ട് കുറവുണ്ടായേക്കും. അതിനാല്‍ അന്ന് വൈദ്യുതി നിയന്ത്രമുണ്ടാകും. വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
أحدث أقدم