10 വയസുകാരൻ വിദ്വേഷമുദ്രാവാക്യം വിളിച്ച കേസ്; തൃശൂരിൽ ഒരാൾ അറസ്റ്റിൽ


തൃശൂർ : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയർമാൻ യഹിയ തങ്ങളാണ് തൃശൂർ പെരുമ്പിലാവിൽ ഇന്നു പുലർച്ച അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കുന്ദംകുളം പോലീസ് സ്റ്റേഷനു മുന്നിൽ പിഎഫ്‌ഐ സംഘർഷം സൃഷ്ടിച്ചു. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മത വിദ്വേഷമുണ്ടാക്കുന്ന തരത്തിൽ കൊച്ചുകുട്ടിയെ ചുമലിൽ ഇരുത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിലാണ് പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ അറസ്റ്റ്. പരിപാടിയുടെ സ്വാഗതസംഘം ചെയർമാൻ യഹിയ തങ്ങളെ തൃശൂർ പെരുമ്പിലാവിലെ വീട്ടിലെത്തിയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ വീട്ടിലെത്തിയാണ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. യഹിയ തങ്ങളുടെ അറസ്റ്റ് വിവരമറിഞ്ഞ് സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കുന്ദംകുളം പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സ്റ്റേഷനിൽ നിന്നു പുറത്തേക്ക് പൊകുകയായിരുന്ന പൊലീസ് വാഹനം ഇവർ തടഞ്ഞിടുകയും ചെയ്തു. ആലപ്പുഴയിൽ വിവാദമുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

أحدث أقدم