ചോദ്യം ചെയ്യാൻ 12 പേർ, പട്ടികയിൽ കാവ്യ മാധവനും;നടി ആക്രമിക്കപ്പെട്ട കേസിൽ ചടുല നീക്കത്തിന് ക്രൈംബ്രാഞ്ച്








കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. മെയ് 31 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

ദിലീപിന്റെ ഫോണിൽ നിന്ന് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ഇനി ചോദ്യം ചെയ്യൽ. ഇതിന്റ ഭാഗമായി 12 പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. കേസിലെ സുപ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവരെയാകും ഉടൻ ചോദ്യം ചെയ്യുക. നേരത്തേ കേസിൽ 20 സാക്ഷികൾ കൂറുമാറിയിരുന്നു. താരങ്ങളായ സിദ്ധിഖ്, ബിന്ദു പണിക്കർ, ഭാമ തുടങ്ങിയവരായിരുന്നു കൂറുമാറിയത്.

കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ദിലീപും കൂട്ടരും നടത്തിയെന്നതിന് തെളിവായി ചില ശബ്ദരേഖകൾ നേരത്തേ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപ് കേസിലെ സാക്ഷിയായ ഡോക്ടർ ഹൈദരലിയെ ഉൾപ്പെടെ വിളിക്കുന്ന ശബ്ദ രേഖകൾ ആയിരുന്നു അന്വേഷണ സംഘം പുറത്തുവിട്ടത്.

അതേസമയം കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനേയും ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദ രേഖകളിൽ കാവ്യ മാധവനെ കുറിച്ച് പരാമർശം ഉണ്ട്. ഇതേ തുടർന്നാണ് കാവ്യയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നേരത്തേ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് പോലീസ് നോട്ടീസ് നൽകിയിരുന്നു.

തുടരന്വേഷണത്തിന് രണ്ടാം തവണ കോടതി നീട്ടി നൽകിയ സമയം അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു പോലീസ്  നൽകിയത്. കേസിൽ സാക്ഷിയായതിനാൽ ആലുവയിലെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നതാണ് കാവ്യ മാധവൻ അന്വേഷണ സംഘത്തെ അന്ന് അറിയിച്ചത്.

ദിലീപിന്‌റ വീടായ പദ്മസരോവരത്തിൽ വെച്ച് എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാൻ തയ്യാറാണെന്നായിരുന്നു കാവ്യയുടെ നിലപാട്. എന്നാല്‍ ശബ്ദരേഖകള്‍ അടക്കം കേള്‍പ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെച്ച് ഇത് സാധ്യമാകില്ലെന്നുമാണ് അന്വേഷണ സംഘം അന്ന് നിലപാട് വ്യക്തമാക്കിയത്.

ഇതിനിടയിൽ തുടരന്വേഷണത്തിന് അനുവദിച്ച സമയം കഴിയുകയും വീണ്ടും കൂടുതൽ സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാമതും സമയം നീട്ടി ലഭിച്ചതോടെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ് സംഘം.

അതേസമയം കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും തിരുമാനം കൈക്കൊണ്ടിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വീട്ടിൽ നിന്ന് തന്നെ ചോദ്യം ചെയ്യണമെന്ന വാശി കാവ്യ തുടർന്നാൽ ചോദ്യം ചെയ്യൽ ഇനിയും നീണ്ടുപോയേക്കും.

എന്നാൽ കാവ്യയുടെ ആവശ്യം അംഗീകരിച്ചാൽ അത് ഉദ്യോഗസ്ഥരെ സംബന്ധിച്ചെടുത്തോളം തിരിച്ചടിയാകുമെന്നാണ് നിയമ വിദഗ്ദരും മുൻ പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ചൂണ്ടിക്കാട്ടുന്നത്. ചോദ്യം ചെയ്യൽ നടപടികളെല്ലാം തന്നെ റെക്കോഡ് ചെയ്യാനുള്ള ശ്രമങ്ങൾ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് മുൻ റിട്ട പോലീസ് ഉദ്യോഗസ്ഥനായ ജോർജ് ജോസഫ് നേരത്തേ ചൂണ്ടിക്കാട്ടിയത്.

അതിനിടെ കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അന്വേഷണ സംഘത്തിന്റെ തലവനെ മാറ്റിയത് അന്വേഷണം മന്ദഗതിയിലാകാൻ കാരണമായിട്ടുണ്ടെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. പുതിയ മേധാവി സ്ഥാനമേറ്റ ശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കർശന നിർദ്ദേശവും പോലീസ് സംഘത്തിന് നൽകിയിട്ടുണ്ടായിരുന്നു.
أحدث أقدم