ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 പെൺകുട്ടികളെ രക്ഷപ്പെടുത്തി






ചിത്രദുർഗ: കർണാടകത്തിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് രക്ഷിച്ചു. 

തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ചിത്രദുർഗയിലെ പ്രജ്വാൽ എന്ന ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുടെ പിൻഭാഗത്ത് പ്രത്യേക വാതിൽ ഒരുക്കിയാണ് സംഘം ‘ആവശ്യക്കാരെ’ കടത്തി വിട്ടിരുന്നതെന്നും പൊലീസ് കണ്ടെത്തി. പ്രത്യേകമായി തയ്യാറാക്കിയ വാതിലിലും ശുചിമുറിയുടെ ചുമരിലും ഒരേ നിറത്തിലുള്ള ടൈൽ പതിച്ചിരുന്നു. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പമാണ് ഈ അറയ്ക്ക് ഉണ്ടായിരുന്നത്. പെട്ടന്ന് കണ്ടെത്താനാകാത്ത രീതിയിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്. 

ചിത്രദുര്‍ഗയിലെ തിരക്കേറിയ ഹോലാല്‍ക്കെരേ പട്ടണത്തിലാണ് പ്രജ്വാല്‍ എന്ന ഈ ഹോട്ടല്‍ പ്രവർത്തിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. 

രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യഅറ പ്രവര്‍ത്തിച്ചിരുന്നത്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.


أحدث أقدم