ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ ബോഡി ഷെയ്മിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാർത്ഥിയെ കൊലപ്പെടുത്തി 17 കാരൻ. പെണ്ണിനെപ്പോലുള്ളവൻ എന്നു വിശേഷിപ്പിച്ചതാണ് 17 കാരനെ പ്രകോപിപ്പിച്ചത്. 12-ാം ക്ലാസുകാരനാണ് പ്രതി. പല തവണ കളിയാക്കരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും പ്രതിയുടെ ശാന്ത സ്വഭാവം മുതലാക്കി കൊല്ലപ്പെട്ട സഹപാഠി കളിയാക്കൽ തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ കളിയാക്കലിൽ പ്രകോപിതനായ പ്രതി ഒരു പാർട്ടിക്ക് ക്ഷണിച്ച ശേഷം അവിടെ വെച്ച് സഹപാഠിയെ അരിവാളും കത്തിയും ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും ഒബ്സർവേഷൻ ഹോമിലേക്ക് അയക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്കിടയിലെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
ബോഡി ഷെയ്മിങ് ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുമെന്ന് തമിഴ്നാട് ബാലാവകാശ കമ്മീഷൻ അംഗമായ ഡോ ശരണ്യ ജയ്കുമാർ പറഞ്ഞു. പലപ്പോഴും ഇത് കോപമോ കടുത്ത വിഷാദമോ ഉണ്ടാക്കിയേക്കുമെന്നും അവർ പറഞ്ഞു