'ദാവൂദ് പാകിസ്ഥാനിലുണ്ട്, രാജ്യം വിട്ടത് 1986ൽ'; വെളിപ്പെടുത്തലുമായി സഹോദരി പുത്രൻ

 


മുംബൈ: അധോലോക നേതാവും മുംബൈ സ്ഫോടന കേസിൻ്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം 1986ഓടെ ഇന്ത്യ വിട്ടിരുന്നുവെന്ന് സഹോദരി പുത്രൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും കടന്ന ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് കഴിയുന്നതെന്നും സഹോദരി ഹസീന പാർക്കറിൻ്റെ മകൻ അലി ഷാ ഇ.ഡിയോട് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താൻ ജനിച്ചിട്ടില്ലെന്ന് അലി ഷാ ഇ.ഡിയോട് പറഞ്ഞു. തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിൻ്റെ ഭാര്യ മെഹജാബിൻ ആഘോഷ ദിവസങ്ങളിൽ ബന്ധപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്യാറുണ്ട്. ഈദ്, ദീപാവലി, മറ്റ് ഉത്സവ ദിവസങ്ങളിൽ എന്റെ ഭാര്യ ആയിഷയുമായും എന്റെ സഹോദരിമാരുമായിട്ടാണ് ബന്ധപ്പെടാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.1986വരെ അദ്ദേഹം ദക്ഷിണ മുംബൈയിലെ ദംബർവാല കെട്ടിടത്തിന്റെ നാലാം നിലയിലാണ് താമസിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് വിവിധ സ്രോതസ്സുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദാവൂദിനും കൂട്ടാളികൾക്കും എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനിടെയാണ് അലിഷ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഡി ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം അലിഷയുടെ അമ്മാവൻ ഇഖ്ബാൽ കസ്‌കറിനെ ദാവൂദിന്റെ നിക്ഷേപങ്ങളെക്കുറിച്ച് പ്രത്യേകം ചോദ്യം ചെയ്തു. നേരത്തെ, ബിൽഡറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അലിഷയുടെ അമ്മ ഹസീന പാർക്കറിനെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. സെറ്റിൽമെന്റ് കമ്മീഷൻ സമ്പാദിക്കാൻ സഹോദരൻ ദാവൂദിന്റെ പേര് ഉപയോഗിച്ച് തർക്കങ്ങൾ പരിഹരിക്കുന്നത് പതിവാണ്. ദാവൂദ് ഇബ്രാഹിമിന്റെ ഡി - കമ്പനിയുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തിയിരുന്നു. ദാവൂദിൻ്റെ കൂട്ടാളികളുടെ ഉൾപ്പെടെ 20 ഇടങ്ങളിൽ ആണ് റെയ്ഡുകൾ നടന്നത്. മുംബൈയിലെ ബാന്ദ്ര, നാഗ്പഡ, ബോറിവാലി, ഗോറെഗാവ്, പരേൽ, സാന്താക്രൂസ് തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഷാർപ് ഷൂട്ടർമാർ, ഹവാല - മയക്കുമരുന്ന് ഇടപാടുകാർ, റിയൽ എസ്റ്റേറ്റ് മാനേജർമാർ, ക്രിമിനൽ സംഘത്തിലെ ഉന്നതർ എന്നിവരെ ലക്ഷ്യമാക്കിയാണ് പരിശോധന നടന്നത്.

أحدث أقدم