മത്സരിക്കാനില്ലെന്ന് ട്വന്റി20യും, തൃക്കാക്കരയിൽ ത്രികോണ മത്സരം







കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി20. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു.സംസ്ഥാനഭരണം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് അല്ലാത്ത സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നും സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

കെ റെയില്‍, ആഴ്ചയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. 15ന് കെജരിവാള്‍ കേരളത്തിലെത്തും. അതിന് ശേഷം അക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് സാബു ജേക്കബ് പറഞ്ഞു. ഇത്തവണ ട്വന്റി20യും ആംആദ്മിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ രാഷ്ട്രീയ ചിത്രം തന്നെ മാറി മറയുമായിരുന്നു. ഞങ്ങള്‍ മത്സരിച്ചതുകൊണ്ട് സംസ്ഥാനത്ത് ഒരുമാറ്റവും ഉണ്ടാവില്ല. ഞങ്ങള്‍ രണ്ടുസംഘടനകളും ഇപ്പോള്‍ ചെയ്യേണ്ടത് സംഘടനയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടെയും ബി ടീമല്ല. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യവുമില്ല- സാബുജേക്കബ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. ട്വന്റി 20യും മത്സരത്തില്‍ ഉണ്ടാകുമോയെന്ന കാര്യം അവര്‍ പറയുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞത്.

അടുത്ത നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഉപതെരഞ്ഞടുപ്പില്‍ ആരെയാണ് പിന്തുണയ്ക്കുകയയെന്ന കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലില്ലാത്ത സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന കീഴ് വഴക്കം പാര്‍ട്ടിക്കില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞടുപ്പാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ജനവികാരം അനകൂലമാണെന്ന് പിസി സിറിയക് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ട്വന്റി ട്വന്റിയുമായുള്ള സഖ്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും.


أحدث أقدم