കോട്ടയം : സിനിമാതാരം ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 200 കിലോയോളം പഴകിയ മീൻ പിടിച്ചെടുത്തു. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള കഞ്ഞിക്കുഴിയിലെ ധർമൂസ് ഫിഷ് ഹബിൽ നിന്നാണ് 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്. ഫിഷറീസ് ആരോഗ്യം ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ധർമൂസ് ഫിഷ് ഹബ് കൂടാതെ സമുദ്ര കോൾഡ് സ്റ്റോറേജ് അമല ലൈഫ് സ്മാർട്ട് എന്നിവിടങ്ങളിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്. സമുദ്രയിൽ നിന്നും 11 കിലോ മീനും , അമലയിൽ നിന്നും 4.2 കിലോ മീനും പിടിച്ചെടുത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കണ്ണൻ പി , ലിജോ സദാനന്ദൻ , ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീനിവാസ് , ഫുഡ് സേഫ്റ്റി സർക്കിൾ ഓഫിസർമാരായ ഷെറിൻ സാറാ ജോർജ് (കോട്ടയം ) , ഡോ. ദിവ്യ ജെ ബി (ചങ്ങനാശേരി ) എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.