ജനിച്ച് 20 വര്‍ഷത്തിന് ശേഷം പുരുഷനാണെന്ന് തിരിച്ചറിഞ്ഞു; ഞെട്ടലില്‍ സൗദി യുവതി


റിയാദ്: ജനിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് സൗദി യുവതി. വൈദ്യശാസ്ത്രത്തിലെ പിഴവ് മൂലമാണ് താന്‍ പുരുഷനാണെന്ന് തിരിച്ചറിയാന്‍ വൈകിയതെന്ന് യുവതി വെളിപ്പെടുത്തിയതായ സൗദി മീഡിയ റിപ്പോര്‍ട്ട് ചെയ്തു. തന്റെ അടിവയറിനുള്ളില്‍ പുരുഷന്റേതായ സ്വകാര്യ ഭാഗങ്ങള്‍ ഒളിഞ്ഞിരുന്നതായി സൗദി പൗരന്‍ അറിഞ്ഞിരുന്നില്ലെന്ന് അല്‍ അഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്തു. റിയാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് റാന്‍ഡ ജനിച്ചത്. ജനനസമയത്ത് റാന്‍ഡക്ക് ജനനേന്ദ്രിയത്തില്‍ ചില വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കുഞ്ഞ് പെണ്ണാണെന്ന് കരുതിയ ഡോക്ടര്‍മാര്‍ നവജാത ശിശുവിന് റാന്‍ഡ എന്ന് പേരിട്ടു. അവളുടെ വളര്‍ച്ചാ കാലഘട്ടത്തില്‍ സമപ്രായക്കാരെ പോലെ സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ആയപ്പോള്‍ റാന്‍ഡയ്ക്ക് സംശയം തോന്നി. അങ്ങനെ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയപ്പോള്‍ തന്റെ വയറിനുള്ളില്‍ പുരുഷ ജനനേന്ദ്രിയം മറഞ്ഞിരിക്കുന്നതായി അറിഞ്ഞു. റാന്‍ഡയ്ക്ക് വിശ്വസിക്കാനായില്ല. 'തുടക്കത്തില്‍, അവര്‍ കള്ളം പറയുന്നതുപോലെ തികച്ചും വിചിത്രമായ ഒരു വികാരമായിരുന്നു. പുതിയ പേര്, പുതിയ ഐഡന്റിറ്റി, സുഹൃത്തുക്കളില്ല, ബന്ധുക്കളില്ല', റാന്‍ഡ പറഞ്ഞു. 'മറഞ്ഞിരിക്കുന്ന ജനനേന്ദ്രിയങ്ങള്‍ പുറത്തെടുക്കാന്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകണം. ഓപ്പറേഷനായി യുകെയിലേക്ക് പോകണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍, ബന്ധപ്പെട്ട അധികൃതര്‍ യാത്രാ രേഖകള്‍ നിരസിച്ചു', റാന്‍ഡ കൂട്ടിച്ചേര്‍ത്തു. റാന്‍ഡയുടെ കുടുംബം സൗദി മുന്‍ ആരോഗ്യമന്ത്രിയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് അല്‍ അഖ്ബാരിയ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. റാന്‍ഡ ജനിച്ച ആശുപത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് റാന്‍ഡയുടെ പിതാവ് പറഞ്ഞു.

أحدث أقدم