യുഎഇയിൽ 40 ദിവസം ദുഃഖാചരണം; സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി


അബുദാബി: യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് 13 മുതൽ നാൽപത് ദിവസത്തേക്കാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ദുഃഖാചരണ സമയത്ത് പതാക പകുതി താഴ്ത്തിക്കെട്ടും. അതേസമയം എല്ലാ സർക്കാർ ഏജൻസികളും, പ്രാദേശിക ഗവൺമെന്റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ദുഃഖാചരണത്തിന്റെ ഭാഗമായി പ്രവർത്തനം നിർത്തിവെക്കും. 2004 നവംബർ മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. എമിറേറ്റ്സ് ഓഫ് അബുദാബിയുടെ 16-ാമത്തെ ഭരണാധികാരികൂടിയാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്റെ ചെയർമാനുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ്. രാഷ്‍ട്ര സ്ഥാപകൻ ആയിരുന്ന സായിദിന്റെ മൂത്ത മകൻ ആണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. അബുദാബിയിലെ വികസനത്തിന് അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു.1948ൽ ആണ് ജനനം. ലോകമെമ്പാടുമുള്ള പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്ക് തങ്ങളുടെ സ്വന്തം നാട് പോലെ ജീവിക്കാൻ അവസരം ഒരുക്കിയ ഭരണാധികാരിയാണ് വിടപറഞ്ഞിരിക്കുന്നത്.

أحدث أقدم