മനാമ:മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ പ്രവാസി യുവാവിന് 5 വര്ഷം ജയിൽ ശിക്ഷ. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഇയാൾ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വച്ച് മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായത്. നാല് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ ലഗേജില്‍ ഉണ്ടായിരുന്നത്. സംശയകരമായ പെരുമാറ്റം കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തിയത്. സ്യൂട്ട് കേസിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളില്‍ മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നു. നൈലോണ്‍ ഷീറ്റുകൊണ്ട് മയക്കുമരുന്ന് പൊതിഞ്ഞ ശേഷം തടികൊണ്ടുള്ള പ്രത്യേക ആവരണവും ഉണ്ടാക്കിയാണ് ഇയാൾ ബാഗിൽ ഒളിപ്പിച്ചിരുന്നത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി കഴിഞ്ഞ ദിവസം കേസില്‍ ശിക്ഷ വിധിക്കുകയായിരുന്നു. അഞ്ച് വര്‍ഷം തടവിന് പുറമെ 3000 ദിനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്.