ലാഹോർ: പാകിസ്ഥാനിൽ ഭർത്താക്കന്മാരുടെ വിദേശയാത്രയുടെ പേരിൽ സഹോദരിമാർ ദുരഭിമാനക്കൊലയ്ക്ക് ഇരയായതായി റിപ്പോർട്ട്. 23ഉം 21ഉം വയസുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയിലാണ് സംഭവം. കൊലയുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ബന്ധുക്കളാണെന്നാണ് പോലീസ് പറയുന്നത്. രണ്ട് ദിവസം മുൻപാണ് യുവതികൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 21 വയസുള്ള അരൂജ് അബ്ബാസ്, 23 വയസുള്ള അനീസ അബ്ബാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബം അടുത്ത ബന്ധുക്കളായ രണ്ട് പേരുമായി യുവതികളുടെ വിവാഹം നടത്തുകയായിരുന്നു. യുവതികളുടെ അനിഷ്ടം അവഗണിച്ച് ബലം പ്രയോഗിച്ചായിരുന്നു വിവാഹം നടത്തിയതെന്നാണ് റിപ്പോർട്ട്. യുവതികൾ ഇരുവരും പാകിസ്ഥാൻ വംശജരും സ്പാനിഷ് പൌരന്മാരുമാണ്. ഭർത്താക്കന്മാരെ സ്പെയിനിലേയ്ക്ക് കൊണ്ടുപോകാനും ഒപ്പം താമസിപ്പിക്കാനും തയ്യാറല്ലെന്ന് ഇരുവരും അറിയിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. യുവതികളുട അച്ഛൻ്റെ സഹോദരൻ്റെ മക്കളുമായാണ് വിവാഹം നടത്തിയത്. ഭർത്താക്കന്മാരുടെ വിസ നടപടികൾ പൂർത്തിയാക്കാതിരുന്നതിനെ തുടർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു. ലാഹോറിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള നാദിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നും ഇവർ വിവാഹബന്ധത്തിൽ അസംതൃപ്തരായിരുന്നു എന്നുമാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. യുവതികളുടെ സഹോദരൻ, അച്ഛൻ്റെ സഹോദരൻ, ഭർത്താക്കന്മാർ, ഇവരുടെ അച്ഛന്മാർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കൂടാതെ ഒരു ബന്ധു അടക്കമുള്ള മൂന്ന് പ്രതികളെ കൂടി പോലീസ് തെരയുന്നുണ്ടെങ്കിലും ഇവർ ഒളിവിലാണ്. ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് പിടിഐ റിപ്പോർട്ട്. ഭർത്താക്കന്മാരുടെ അച്ഛന് കൊലയിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭർത്താക്കന്മാരെ സ്പെയിനിലേയ്ക്ക് കൊണ്ടുപോകാനും ഒപ്പം താമസിക്കാനും യുവതികൾക്ക് താത്പര്യമില്ലാതിരുന്നതിനാൽ ഇവർ വിസ നടപടികൾ മനഃപൂർവം വൈകിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, പാകിസ്ഥാനിലെ ഗ്രാമീണ മേഖലകളിൽ ബല പ്രയോഗിച്ചുള്ള വിവാഹങ്ങൾ സാധാരണമാണെന്നാണ് അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ട്. വീട്ടിലെ മുതിർന്നവർ പറയുന്നത് അനുസരിക്കാതിരിക്കുകയും ധിക്കരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെ ബന്ധുക്കൾ കൊലപ്പെടുത്താൻ പോലും മടിക്കാറില്ലെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ പ്രതിവർഷം പാകിസ്ഥാനിൽ ആയിരത്തോളം സ്ത്രീകൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. മുൻപ് ഇതേ പ്രദേശത്തു തന്നെ ഇറ്റലിയിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയും ദുരഭിമാനക്കൊലയ്ക്ക് ഇരയായിരുന്നു. ബന്ധുവായ ഒരാളെക്കൊണ്ട് വിവാഹം ചെയ്യിക്കാനായി കുടുംബം നിർബന്ധിച്ചെങ്കിലും ഇറ്റലിയിൽ തനിക്കൊരു കാമുകനുണ്ടെന്നും ഇയാളെ വിവാഹം ചെയ്യണമെന്നും 26കാരി നിലപാടെടുക്കുകയായിരുന്നു. തുടർന്ന് അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.