മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിന് തീപിടുത്തം; 7 പേർ വെന്ത് മരിച്ചു


ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കെട്ടിടത്തിന് തീപിടിച്ച് രണ്ട് സ്ത്രീകൾ അടക്കം ഏഴ് പേർ വെന്തുമരിച്ചു. പ്രദേശത്തെ ഇരുനില കെട്ടിടത്തിനാണ് ഇന്ന് പുലർച്ചെ അഗ്നിബാധയുണ്ടായിരിക്കുന്നത്.പുലർച്ചെ 3.10 ഓടെയാണ് തീ പിടിച്ചിരിക്കുന്നത്. സംഭവത്തിൽ ഒൻപത് പേരെ രക്ഷപെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ആരുടെയെങ്കിലും നില ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ടാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻഡോറിലെ സ്വവർൺ ബാഗ് കോളനിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തമുണ്ടായത്.കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടരുകയും കെട്ടിടം മുഴുവൻ കത്തി നശിക്കുകയും ചെയ്തു. അതേസമയം, കെട്ടിടത്തിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനാൽ കെട്ടിട ഉടമ അൻസാർ പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.


أحدث أقدم