ജഹാംഗീർപുരി സംഘർഷത്തിൽ 8 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



ന്യൂഡൽഹി : ജഹാംഗീർപുരി സംഘർഷത്തിൽ 8 പ്രതികളുടെ ജാമ്യാപേക്ഷ ദില്ലി രോഹിണി കോടതി തളളി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതിനാൽ ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്.

 സംഘർഷം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടഞ്ഞില്ല. പകരം റാലിയെ അനുഗമിക്കുകയായിരുന്നു പൊലീസെന്നും കോടതി വിമർശിച്ചു.
ഹനുമാൻ ജയന്തിക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ഡൽഹി ജഹാംഗീർപുരിയിൽ  പൊളിക്കൽ നടപടികൾ ഉണ്ടായത്.

 അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ 20-ാം തിയതി രാവിലെ ബുൾഡോസറുകളുമായി ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തുകായിരുന്നു. 'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി അധ്യക്ഷൻ ആദേഷ് ഗുപ്ത എൻഡിഎംസി മേയർക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്.

 സ്ഥലത്ത് നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു പൊളിക്കൽ നടപടികൾ. നാലഞ്ച് കെട്ടിടങ്ങൾ ബുൾഡോസറുകൾ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഈ പൊളിക്കലിനെതിരെ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.

 സ്ഥലത്ത് പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകർ കോടതിയിൽ അഭ്യർത്ഥിച്ചു. ഇതോടെയാണ് പൊളിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. 

ബിജെപിയാണ് ഉത്തര ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. സാധാരണ നടപടി മാത്രമാണെന്നും അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ മറ്റ് ഉദ്ദേശങ്ങളില്ല എന്നുമാണ് എൻഡിഎംസി മേയർ രാജാ ഇഖ്ബാൽ സിംഗ് വ്യക്തമാക്കിയത്.


أحدث أقدم