മുംബൈ: കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിൻ്റെ പുതിയ BA.4, BA.5 ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനിതക പരിശോധനയിൽ നാല് പേരിൽ BA.4 ഉപവകഭേദവും മൂന്ന് പേരിൽ BA.5 ഉപവകഭേദവുമാണ് റിപ്പോർട്ട് ചെയ്തത്. ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചവരിൽ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ്. നാല് രോഗികൾ 50 വയസിന് മുകളിൽ പ്രായമുള്ളവരും രണ്ട് പേർ ഇരുപതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്. ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണെന്നും അധികൃതർ പറഞ്ഞു. ഇവരിൽ രണ്ട് പേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും പോയവരാണ്. മൂന്ന് പേർ കേരളത്തിലേക്കും കർണാടകയിലേക്കും പോയിരുന്നു. മറ്റ് രണ്ട് പേർ സമീപകാലത്ത് യാത്ര ചെയ്തിരുന്നില്ലെന്ന് അധികൃതർ അറിയിച്ചതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു. BA.4, BA.5 ഉപവകഭേദങ്ങള്‍ സ്ഥിരീകരിച്ചവരിൽ ആറ് പേർ കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്. ഒരാൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. ഒമിക്രോണിൻ്റെ പുതിയ ഉപവകഭേദങ്ങള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധന വർധിപ്പിക്കുമെന്ന് പൊതുജനാരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ പ്രദീപ് വ്യാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിശോധന വർധിപ്പിക്കുമെന്നും കേസുകളുടെ എണ്ണം വർധിക്കാതിരിക്കാൻ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചെർത്തു. മേയ് മാസം തുടക്കത്തില്‍ ഹൈദരാബാദിലാണ് രാജ്യത്തെ ആദ്യ BA.4 കേസ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു യാത്രക്കാരനിലാണ് രാജ്യത്ത് ആദ്യ കേസ് സ്ഥിരീകരിച്ചത്. പിന്നീട് മിഴ്‌നാട്ടിലും തെലങ്കാനയിലും BA.4, BA.5 വേരിയന്റുകളുള്ള കേസുകൾ കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ചില ഭാഗങ്ങളിൽ ഏപ്രിലിൽ ഒമൈക്രോണിന്റെ ഈ ഉപവിഭാഗങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും മഹാരാഷ്ട്രയിൽ ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.