സൗദിയില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി രണ്ടാം ദിവസം ഒരു കുഞ്ഞ് മരിച്ചു


റിയാദ്: സൗദിയില്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി രണ്ടാം ദിവസം ഒരു കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തിയത്. കുട്ടി മരിച്ചതായി കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയാണ് അറിയിച്ചത്. രക്തചംക്രമണം കുറഞ്ഞതും ഹൃദയസ്തംഭനവുമാണ് മരണകാരണമെന്ന് സംഘം വ്യക്തമാക്കി. കുട്ടിക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും മെഡിക്കല്‍ സംഘം നല്‍കിയിരുന്നു. യെമന്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്റെ മക്കളാണ് യൂസഫും യാസിനും. ജനിക്കുമ്പോള്‍ ഇവരുടെ തലകള്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. സയാമീസ് ഇരട്ടകളില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ട രണ്ടാമത്തെ കുട്ടി ഇപ്പോഴും റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യസംഘം അറിയിച്ചു. പതിനഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലായിരുന്നു യൂസഫിനെയും യാസിനെയും വേര്‍പ്പെടുത്തിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം റിയാദിലെ നാഷനല്‍ ഗാര്‍ഡിന് കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

أحدث أقدم