രണ്ടു വട്ടം ഒന്നാം സമ്മാനം, മൂന്നാം തവണ ഏഴരക്കോടിയിലേറെ; വീണ്ടും കോടിപതിയായി പ്രവാസി മലയാളി


ദുബായ്: മൂന്നാം തവണയും ഭാഗ്യം തേടിയെത്തി പ്രവാസി മലയാളി നേടിയത് കോടികളുടെ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം രണ്ടു തവണയാണ് പ്രവാസി മലയാളിയായ സുനില്‍ ശ്രീധരന് (55) ലഭിച്ചത്. ഒരു ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) ആണ് വീണ്ടും ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഇതിനു മുമ്പ് 2019 സെപ്തംബറില്‍ ഒരു ദശലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു. അതിനുശേഷം 2020 ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിയ്ക്ക് രണ്ട് പ്രാവശ്യവും ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രില്‍ 10 ന് ഓണ്‍ലൈന്‍ വഴിയാണ് സുനില്‍ ശ്രീധരന്‍ ടിക്കറ്റ് എടുത്തത്. 1938 എന്ന നമ്പറിലെ ടിക്കറ്റിനാണ് സുനിലിന് ഇപ്രാവശ്യം ഭാഗ്യം കൊണ്ടുവന്നത്. 2019 ല്‍ 4638 എന്ന നമ്പറിനും 2020 ല്‍ 1293 എന്ന നമ്പറിനും ആയിരിന്നു ഭാഗ്യം നേടിയത്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനില്‍. അബുദാബിയിലെ ഒരു കമ്പനിയില്‍ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി നടത്തുകയാണ്. 'രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളര്‍ നേടി വിജയിയാകാന്‍ സാധിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട്' നന്ദി പറഞ്ഞു. മില്ലെനിയം മില്യനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കുന്ന 188ാമത്തെ വ്യക്തിയാണ് സുനില്‍.


أحدث أقدم