ഗുരുവായൂരിലെ വന്‍ മോഷണം: മോഷ്ടാവ് പാലക്കാടും മോഷണശ്രമം നടത്തിയതായി പോലീസിന് സംശയം






തൃശൂർ : ഗുരുവായൂരിലെ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ മോഷണം നടത്തിയ മോഷ്ടാവ് നേരത്തെ പാലക്കാടും മോഷണശ്രമം നടത്തിയതായി പോലീസിന് സംശയം. ഇവിടെനിന്നുള്ള നിരീക്ഷണ കാമറയിൽ ലഭിച്ച കൂടുതൽ വ്യക്തതയുള്ള ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടും ഒരാൾ തന്നെയാകാമെന്നാണ് പോലീസ് നിഗമനം. 

ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. തമ്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ അശ്വതിയിൽ ബാലന്റെ വീട്ടിൽനിന്നാണ് 371 പവനും രണ്ടുലക്ഷം രൂപയും കഴിഞ്ഞ ദിവസം കവർച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു ബാലന്റെ വീട്ടിലെ മോഷണം. എന്നാൽ ഏപ്രിൽ 30നാണ് കുളപ്പുള്ളിയിലുള്ള ഡോക്ടറുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. ബാലന്റെ വീട്ടുവളപ്പിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ചിത്രം വ്യക്തമായിരുന്നില്ല.

മുഖം മറച്ചാണ് പ്രതി നിരീക്ഷണ കാമറയുള്ള ഭാഗത്ത് കൂടെ കടന്നുപോയത്. എന്നാൽ കുളപ്പുള്ളിയിൽ പതിഞ്ഞ ദൃശ്യത്തിൽ കുറച്ചുകൂടെ വ്യക്തമായതിനാലാണ് പോലീസ് ഈ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത്. ഫോട്ടോയിൽ കാണുന്ന വ്യക്തിയേയോ രൂപ സാദൃശ്യമുള്ളവരേയോ കാണുകയാണെങ്കിൽ ഗുരുവായൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.

 കുളപ്പുള്ളിയിൽനിന്ന് ലഭിച്ച ഫോട്ടോയിൽ പ്രതി കയ്യുറ ധരിച്ചിട്ടുണ്ട്. ഇതേ രീതിതന്നെയാണ് ഗുരുവായൂരും അവലംബിച്ചതെന്ന് പോലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂരിൽ വിരലടയാളവും ലഭ്യമായിട്ടില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് ഗുരുവായൂർ പോലീസ് അമ്പതിലധികം പേരെ ചോദ്യംചെയ്തു. ഇവരുടെ ഫോൺ കോളുകളും പരിശോധിക്കുന്നുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മോഷണങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളേയും പോലീസ് നിരീക്ഷിച്ചു വരുന്നു.


أحدث أقدم