കഠ്മണ്ഡു: നേപ്പാളിൽ 22 പേരുമായി കാണാതായ ചെറുവിമാനം തകർന്ന നിലയിൽ കണ്ടെത്തി. നേപ്പാൾ സൈന്യമാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടു. മഞ്ഞുവീഴ്ചയെത്തുടർന്ന് ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനഃരാരംഭിച്ചപ്പോഴാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിൽ വിമാനം കത്തുന്ന അവസ്ഥയിൽ കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജർ ജനറൽ ബാബുറാം ശ്രേഷ്ഠ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വ്യോമസേനയും കരസേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. നേപ്പാൾ പോലീസ് ഇൻസ്പെക്ടർ രാജ് കുമാർ തമാങ്ങിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ചില യാത്രക്കാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ കണ്ടെത്തിയെന്നും പരിശോധന തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരുടെ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. വ്യോമമാർഗവും കരമാർഗവും കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് ചീഫ് ഡിസ്ട്രിക്ട് ഓഫീസർ നേത്ര പ്രസാദ് ശർമ പറഞ്ഞു.
ഇന്നലെ വിമാനം കണാതായതിന് പിന്നാലെ തിരച്ചിലിന് പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥ കാരണം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. പിന്നീട് സ്ഥലം വ്യക്തമായതോടെ നേപ്പാൾ കരസേന സംഘം ഹെലികോപ്റ്ററിൽ നർഷാങ് ആശ്രമത്തിന് സമീപത്തെ നദിക്കരയിൽ തിരച്ചിലിനായി ഇറങ്ങുകയായിരുന്നു.
4 ഇന്ത്യക്കാർക്കു പുറമേ 2 ജർമൻകാർ, 13 നേപ്പാൾ സ്വദേശികൾ, ജീവനക്കാരായ 3 നേപ്പാളുകാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ ഇന്ത്യക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
വിമാനം തകർന്നുവീണ സ്ഥലം മനസിലാക്കാൻ പൈലറ്റിന്‍റെ മൊബൈൽ ഫോണാണ് സഹായകമായത്. പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ ഗിമിറെയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്‍റെ സഹായത്തോടെ ജിപിഎസ് വഴി ഫോൺ ട്രാക്ക് ചെയ്യുകയായിരുന്നു.