ന്യൂഡൽഹി: മൊബൈൽ ഫോണിലേക്ക് അജ്ഞാത കോളുകൾ വരുന്നത് തടയാനൊരുങ്ങി സർക്കാർ. വിളിക്കുന്ന ആളുടെ കൃത്യമായ പേര് മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു വരുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നന്പറിൽ നിന്നു കോൾ വന്നാലും വിളിക്കുന്ന ആളുടെ പേര് കാണിക്കുന്ന ആപ്പ് ആണ് ഒരുക്കുന്നത്. നിലവിൽ ട്രൂ കോളർ ആപ്പ് വഴി വിളിക്കുന്നത് ആരെന്ന് അറിയാനുള്ള സംവിധാനം ഉണ്ടെ ങ്കിലും ഇത് വളരെ സങ്കീർണവും കൃത്യതയിൽ പരിമിതികൾ ഉള്ളതുമാണ്. മറ്റാരെങ്കിലും സേവ് ചെയ്തിരിക്കുന്ന പേരിലായിരിക്കും പലപ്പോഴും ട്രൂ കോളറിൽ വിളിക്കുന്ന ആളുടെ പേര് തെളിഞ്ഞു വരിക.
എന്നാൽ, കെവൈസി അടിസ്ഥാനത്തിൽ കൃത്യമായ പേര് വെളിപ്പെടുത്തുന്ന സംവിധാനത്തിനായിരിക്കും ട്രായ് രൂപം നൽകുക. ഇതിനായി ടെലികോം വകുപ്പുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞെന്ന് ട്രായ് ചെയർമാൻ പി.ഡി വഗേല പറഞ്ഞു.