മരം മുറിക്കേസ്; അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ അറസ്റ്റില്‍


ഇടുക്കി: റവന്യൂ ഭൂമിയിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ റേഞ്ച് ഓഫിസറെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ജോജി ജോണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ജോജി ജോണ്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെത്തി ഹാജരായത്.2021 സെപ്തംബറിലാണ് ജോജി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിനായി ജോജി ജോണ്‍ ഹര്‍ജ്ജി നല്‍കിയിരുന്നു. കൊന്നത്തടി വില്ലേജിലെ മങ്കുവയില്‍ റവന്യു ഭൂമിയില്‍ നിന്നടക്കം തേക്ക് മരം മുറിച്ചു കടത്തിയ സംഭവത്തില്‍ ജോജി ഒന്നാം പ്രതിയായാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ജോജി ജോണിനെ അടിമാലി താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ജോജി ജോണിനെ കോടതി റിമാന്‍ഡ് ചെയ്തതായി വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു.

أحدث أقدم