കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; എസ് പി പിന്തുണയിൽ രാജ്യസഭയിലേക്ക്




 
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കിടെ കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. ഈ മാസം 16 ന് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് നല്‍കിയതായി കപില്‍ സിബല്‍ അറിയിച്ചു. ഇദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കും. ഇതിനായി കപില്‍ സിബല്‍ നാമനിര്‍ദേശ പത്രിക നല്‍കി. ലക്‌നൗവില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് കപില്‍ സിബല്‍ നോമിനേഷന്‍ നല്‍കിയത്. 

ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകുമെന്നും മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കപില്‍ സിബല്‍ പറഞ്ഞു.

 സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന കപില്‍ സിബല്‍ യു പി എ സര്‍ക്കാരില്‍ മനുഷ്യ വിഭവശേഷി വകുപ്പ് അടക്കം പ്രമുഖ വകുപ്പുകള്‍ കയ്യാളിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ മുഖങ്ങളിലൊന്നായും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്നും മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളില്‍ കപില്‍ സിബല്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഇടഞ്ഞു നിന്ന കപില്‍ സിബല്‍ അടുത്തിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. 


أحدث أقدم