കാട്ടുപന്നികളെ കൊന്നാല്‍ കടുവ വരും'; കേരളത്തെ കാത്തിരിക്കുന്ന അപകടമെന്ന് മേനക ഗാന്ധി




തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി എംപിയും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി. കാട്ടുപന്നി‍യില്ലാതെ ഒരു വനത്തിനും നിലനി‍ൽപില്ലെന്നാണ് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന് അയച്ച കത്തിൽ മേനക ​ഗാന്ധി പറയുന്നത്. 

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നീക്കം വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കും. വന്യമൃഗങ്ങളുടെ മുഖ്യ ഭക്ഷണമാണു കാട്ടുപന്നികൾ. അവയെ കൊന്നൊടുക്കിയാൽ വന്യമൃഗങ്ങൾ ഭക്ഷണം തേടി നാട്ടിലിറങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രാ‍പുരിൽ കാട്ടുപന്നിയെ കൊല്ലാൻ വനംമന്ത്രി ഉത്തരവി‍ട്ടതിന് പിന്നാലെ സംഭവിച്ചതും മേനകാ ​ഗാന്ധി കത്തിൽ പറയുന്നു. 

ഒരാഴ്ചയ്ക്കിടെ 200 എണ്ണത്തിനെയാണ് അവിടെ കൊന്നത്. പിന്നാലെ ഒരു മാസത്തിനകം വനത്തിൽ നിന്ന് 60 കടുവകളാണു ഗ്രാമങ്ങളിലെത്തിയത്. അതോടെ മന്ത്രി കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവു റദ്ദാക്കി. അത് കേരളത്തിലും സംഭവിക്കാമെന്നു മേനക കത്തിൽ പറയുന്നു. 

എന്നാൽ വനത്തിനുള്ളിൽ കടന്ന് കാട്ടുപന്നികളെ വെടിവെക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന നടപടികൾ മാത്രമാണു കേരളം സ്വീകരിച്ചത് എന്ന് ചൂണ്ടിക്കാണിച്ച് മേനക ഗാന്ധിക്കു മറുപടി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. 
أحدث أقدم